പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തുകയായിരുന്നു;ഡിവൈഎഫ്ഐ പ്രവർത്തകൻ സമി ഖാന്റെ കുറ്റസമ്മതം


കൊല്ലം: വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ സംഭവത്തില്‍ കുറ്റസമ്മതിച്ച് കൊല്ലം കടയ്ക്കൽ ഡിവൈഎഫ്ഐ പ്രവർത്തകൻ സമി ഖാന്. ഒറ്റയ്ക്കാണ് വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് സമി ഖാന് സമ്മതിച്ചു. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തുകയായിരുന്നു. മാറ്റാരുടേയും സഹായമില്ലെന്നും സമി ഖാൻ പൊലീസിനോട് സമ്മതിച്ചു. വീട്ടുകാരെ കബളിപ്പിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞ സമി ഖാൻ, തിരുത്തൽ വരുത്തിയ രീതി പൊലീസിനോട് വിശദീകരിച്ചു.
കൊല്ലം ചിതറ ഒഴുകുപാറ മടത്തറയിൽ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രവര്ത്തകൻ സമി ഖാനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021-22 നീറ്റ് പരീക്ഷയിൽ സമി ഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുണ്ടാക്കിയത്. അക്ഷയയിൽ പോയി യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റിന്റേയും വ്യാജ മാര്‍ക്ക് ലിസ്റ്റിന്റേയും പകര്‍പ്പെടുത്തു. പിന്നാലെ രണ്ട് തരത്തിൽ മാര്‍ക്ക് ലിസ്റ്റ് കിട്ടിയെന്നും യഥാര്‍ത്ഥ മാര്‍ക്ക് 468 ആണെന്നും ചൂണ്ടിക്കാട്ടി സമി ഖാൻ ഹോക്കോടതിയെ സമീപിക്കുകയായിരുന്നു.
സമി ഖാൻ കോടതിയിൽ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റാണെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിന് മുമ്പും സമി ഖാൻ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2021 ൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് മാർക്ക് കുറവായതിനാൽ പ്രവേശനം നടന്നില്ല.