ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

single-img
3 January 2023

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.

കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) ആണ് മരിച്ചത്. പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, ഹോട്ടല്‍ അടിച്ചുതകര്‍ത്തു. സിസിടിവി ക്യാമറകളും ഹോട്ടലിനു മുന്നിലെ ചെടിച്ചട്ടികളും അടിച്ചുനശിപ്പിച്ചു. കോട്ടയം സംക്രാന്തിയിലെ പാര്‍ക്ക് മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിന് നേരെയാണ് പ്രതിഷേധമുണ്ടായത്. രണ്ട് മാസം മുമ്ബും ഹോട്ടലില്‍ ഭക്ഷ്യവിഷബാധയുണ്ടായിരുന്നതായി ആരോപണമുയര്‍ന്നു. അതേസമയം, ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദമ്ബതികള്‍ പൊലീസില്‍ പരാതി നല്‍കി. ഇരുവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.

കഴിഞ്ഞ മാസം 29നാണ് രശ്മി ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചത്. അല്‍ഫാമും കുഴിമന്തിയും കഴിച്ച്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവുമുണ്ടായി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രോഗം ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു മരണം. ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.