ജോയ് മാത്യുവിന് തുറന്ന കത്തുമായി ഡിവൈഎഫ്ഐ

single-img
19 September 2023

കഴിഞ്ഞ അഞ്ചാം തീയ്യതിയാണ് നടൻ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. ചാവക്കാട് – പൊന്നാനി ദേശീയ പാത 66ല്‍ മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ടായിരുന്നു. പരിക്കേറ്റ അദ്ദേഹക്കെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പക്ഷെ സെപ്റ്റംബര്‍ 17നാണ് അപകടത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെന്നും അത് വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ജോയ് മാത്യു രൂക്ഷമായി പ്രതികരിച്ചത്.

“ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവർ പോലും തനിക്ക് സംഭവിച്ച അപകടത്തിൽ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊർജ്ജമായെങ്കിലും ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അവരുടെ സങ്കടം താൻ മയ്യത്തായില്ലല്ലോ എന്നായിരുന്നെന്നും” ആദ്ദേഹം പരിഹസിച്ചു. തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഒരാളുടെ കുറിപ്പും ജോയ് മാത്യു പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, വിഷയത്തിൽ ജോയ് മാത്യുവിന്റെ കുറിപ്പിന് മറുപടിയായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആശുപത്രിയില്‍ എത്തിച്ചവര്‍ ആരാണെങ്കിലും ആ മാനവിക മൂല്യത്തെ ഡിവൈഎഫ്ഐ ആദരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട വികെ സനോജ്, തങ്ങളാണ് ജോയ് മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന – പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവർത്തകനോ അവകാശപ്പെട്ടോയെന്നും അങ്ങനെയെങ്കില്‍ അത് പൊതുസമൂഹത്തിന് മുന്നില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിയെ പരിഹസിച്ച് ‘ഒരു കൈയ്യിൽ പൊതിച്ചോറും മറുകൈയ്യിൽ കഠാരയുമായി നടക്കുന്ന കൂട്ടർ ‘ എന്ന് ജോയ് മാത്യു പറയുന്നത് കൊലയാളികളുടെ കൂടാരത്തിൽ നിന്നു കൊണ്ടാണെന്നും ആരോപിച്ചു.