ഗാന്ധിയെയും നെഹ്റുവിനയും ഉപേക്ഷിച്ച കോൺഗ്രസിന് കള്ളക്കടത്തുകാരി പറയുന്നതാണ് വേദവാക്യം: ഇപി ജയരാജൻ

single-img
2 March 2023

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനെ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയുമടങ്ങുന്ന മഴവിൽ സഖ്യം രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന – ക്ഷേമ പ്രവർത്തനങ്ങൾ തകർക്കാർ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ യുഡിഎഫ് അതിന് ഓശാന പാടുന്നു. ഈ പ്രതിസന്ധിയും മറികടക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ അതേ ബിജെപിയുമായി കൈകോർത്ത് കലാപത്തിന് ചാവേറുകളെ ഇറക്കി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം. ചാവേറുകളെക്കൊണ്ട് മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ചാടിക്കുകയാണ്. എങ്ങനെയെങ്കിലും ഒരു മരണം അവർ ആഗ്രഹിക്കുന്നു.
ഇത്തരം ഗൂഢനീക്കങ്ങളെ ചെറുത്ത് തോൽപിക്കാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ട് വരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനെ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയുമടങ്ങുന്ന മഴവിൽ സഖ്യം രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നത്. ഇതിനെതിരെ നാടിൻ്റെ – വികസനവും ജനങ്ങളുടെ ക്ഷേമവും ആഗ്രഹിക്കുന്ന മുഴുവനാളുകളും ഒന്നിച്ചണിനിരക്കണം. 1957ലെ ആദ്യ ഇ എം എസ് സർക്കാറിനെ അട്ടിമറിച്ചത് കുപ്രസിദ്ധമായ വിമോചന സമരത്തിലൂടെയാണല്ലൊ. അന്ന് ഇഎംഎസ് സർക്കാറിന് രണ്ട് എം എൽഎമാരുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. എം എൽ എ മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കാനായിരുന്നു ആദ്യം നോക്കിയത്.

അത് നടക്കാതായപ്പോൾ എംഎൽഎമാരെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. അന്നത്തെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തെ പ്രതിനിധീകരീച്ച കല്ലടൻ വൈദ്യരെ അപായപ്പെടുത്താൻ നോക്കിയത് ഇതിൻ്റെ ഭാഗമായിരുന്നു. പിന്നീട് മറ്റൊരു എംഎൽഎയെയും ലക്ഷ്യമിട്ടു. ഇത് രണ്ടും പൊളിഞ്ഞപ്പോഴാണ് അന്ന് വിമോചന സമരമെന്ന പേരിൽ കലാപം അഴിച്ച് വിട്ടത്. തുടർന്ന് ഇന്ത്യൻ ജനാധിപത്യത്തിന് തീരാ കളങ്കമേൽപിച്ച് സർക്കാറിനെ അട്ടിമറിച്ചുവെങ്കിലും തുടർന്നും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടവിട്ട് അധികാരത്തിൽ വന്നു.

ഇപ്പോഴിതാ 2016 മുതൽ തുടർച്ചയായി എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുന്നു. 2021 ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പും സർക്കാറിനെ അട്ടിമറിക്കാൻ സകല വലതു ശക്തികളും കൈകോർത്തുവെങ്കിലും ജനങ്ങൾ വർധിത പിന്തുണയോടെ എൽഡിഎഫിന് തുടർ ഭരണം സമ്മാനിച്ചു. 5 വർഷത്തെ ഭരണം നാട്ടിലുണ്ടാക്കിയ വികസനവും ജനങ്ങൾക്ക് നൽകിയ ക്ഷേമവും ആണ് ഈ ജനപിന്തുണയുടെ അടിസ്ഥാനം.

2021ൽ അധികാരത്തിൽ വന്ന സർക്കാർ രണ്ട് വർഷം പൂർത്തിയാകും മുമ്പ് തന്നെ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഒട്ടേറെ മുന്നേറ്റമുണ്ടാക്കി. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നു. തൊഴിൽ രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. കാർഷിക- വ്യവസായ മേഖലകളിലും വൻ മുന്നേറ്റമുണ്ടാക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ലോകത്തിന് മാതൃകയാകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ശ്രദ്ധേയമായ ചുവട് വെപ്പ് നടത്തുന്നു.


പക്ഷെ, ഇതിനെയെല്ലാം ഇല്ലാതാക്കാനാണ് യുഡിഎഫും ബിജെപിയും കൈകോർക്കുന്നത്. ഇതേ രീതിയിൽ അടുത്ത 3 വർഷം കൂടി ഭരണം തുടർന്നാൽ പ്രതിപക്ഷം തീർത്തുമില്ലാതാകുമെന്ന ഭയമാണ് യുഡിഎഫിനയും ബിജെപിയെയും ഭരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയും ഇരുകൂട്ടരും മുന്നിൽ കാണുന്നു.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന – ക്ഷേമ പ്രവർത്തനങ്ങൾ തകർക്കാർ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ യുഡിഎഫ് അതിന് ഓശാന പാടുന്നു. ഈ പ്രതിസന്ധിയും മറികടക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ അതേ ബിജെപിയുമായി കൈകോർത്ത് കലാപത്തിന് ചാവേറുകളെ ഇറക്കി വിടുകയാണ്. അതേ സമയം, കേന്ദ്രം പെട്രോളിയം ഉൽപന്നങ്ങൾക്കും പാചകവാതകത്തിനുമെല്ലാം അടിക്കടി വില വർധിപ്പിക്കുന്നതിൽ യുഡിഎഫിന് വലിയ പ്രയാസവും തോന്നുന്നില്ല.

ഈ സമരങ്ങളും ക്ളച്ച് പിടിക്കാതായപ്പോഴാണ് പഴയ കുപ്പിയും പഴയ വീഞ്ഞുമായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പയറ്റിയ അതേ ആയുധമാണ് പുറത്തെടുത്തിരിക്കുന്നത്. അതിന് കരുവാക്കുന്നതോ കുപ്രസിദ്ധ കള്ളക്കടത്ത് കാരിയെ. ഗാന്ധിയെയും നെഹ്റുവിനയും ഉപേക്ഷിച്ച കോൺഗ്രസിന് ഈ കള്ളക്കടത്തുകാരി പറയുന്നതാണ് വേദവാക്യം. ഒരു വിശ്വാസ്യതയുമില്ലാത്ത ആ സ്ത്രീ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നത് അതേപടി ഏറ്റു പാടുംവിധം പ്രതിപക്ഷം തരംതാണിരിക്കുന്നു.


മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിന് പിന്നിലെ നീചമായ അജണ്ടയും സർക്കാറിനെ അട്ടിമറിക്കുക എന്നതാണ്. യുഡിഎഫിലെ പല ഘടകകക്ഷികൾക്കും ഇത്തരം നീക്കത്തോട് യോജിപ്പില്ല. ഒന്നാം വിമോചന സമരത്തിന് അമേരിക്കൻ ചാരസംഘടനയിൽ നിന്നും 10 കോടിയാണ് കൈപ്പറ്റിയത്. പണം നൽകിയവർ തന്നെ അത് പിന്നീട് വെളിപ്പെടുത്തിയതുമാണ്.

ഇപ്പോൾ നടക്കുന്ന ഈ അട്ടിമറി ശ്രമത്തിന്‌ പിന്നിലും വിദേശ സാമാജ്യത്വ ശക്തികളുടെയും രാജ്യത്തിനകത്തുള്ള ചില ശക്തികളുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്. സിബിഐയും ഇഡിയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുന്നു. ഇതിനെല്ലാം പുറമെയാണ് കലാപം അഴിച്ചുവിട്ടും സർക്കാറിനെ അട്ടിമറിക്കാൻ നോക്കുന്നത്. ചാവേറുകളെക്കൊണ്ട് മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ചാടിക്കുകയാണ്. എങ്ങനെയെങ്കിലും ഒരു മരണം അവർ ആഗ്രഹിക്കുന്നു.

ഇത്തരം ഗൂഢനീക്കങ്ങളെ ചെറുത്ത് തോൽപിക്കാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ട് വരുമെന്ന് ഉറപ്പാണ്. അട്ടിമറി നീക്കം ചെറുക്കാനുള്ള കരുത്ത് എൽഡിഎഫിനും സിപിഐ എമ്മിനുമുണ്ട്. കൂടുതൽ കരുത്തോടെ ഇത്തരം നീക്കങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കും. ഏതൊരു വികസിത രാഷ്ട്രത്തിൻ്റെയും നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് കേരളത്തെ ആധുനിക കേരളമാക്കിക്കൊണ്ടിരിക്കുന്ന എൽഡിഎഫ് സർക്കാറിനെ ജനങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കും.