കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികള്‍ കഴിക്കുന്നത് പാര്‍ക്കിന്‍സണ്‍സിന് കാരണമാകും; പഠനം

single-img
27 March 2024

ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ പ്രശ്നമാണ് പാർക്കിൻസൺസ്. ഈ രോഗത്തിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. എന്നാൽപോലും , പല പാരിസ്ഥിതിക ഘടകങ്ങളും ജനിതക ഘടകങ്ങളും രോഗത്തിന് കാരണമെന്ന് പറയപ്പെടുന്നു.

ഇപ്പോഴിതാ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് പച്ചക്കറികളിൽ ഉള്ള കീടനാശിനി ഉപയോഗവും പാർക്കിൻസൺസ് രോഗവും തമ്മിലുള്ള ബന്ധമാണ്.ഈ കീടനാശിനികൾ നാഡീസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ അവകാശപ്പെടുന്നുണ്ട്.

സൂക്ഷ്മമായ വിഷാംശമുള്ള രാസപദാര്‍ഥങ്ങള്‍ ന്യൂറോണുകളെ ഏതുതരത്തില്‍ ബാധിക്കുന്നു എന്നതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഈ പഠനത്തിനായി ഗവേഷകര്‍ അവലോകനം ചെയ്തു. അമേരിക്കന്‍ അക്കാദമി ഓഫ്‌ ന്യൂറോളജിയുടെ 76-ാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ പഠനം പാര്‍ക്കിന്‍സണ്‍സിന്‌റെ രോഗസാധ്യതയുമായി ബന്ധപ്പെട്ട മൂന്ന് കീടനാശിനികളെക്കുറിച്ച് അവലോകനം ചെയ്യുന്നുണ്ട്.

ന്യൂറോളജിക്കല്‍ ഹെല്‍ത്തിനെ കീനാശിനികള്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ മൈക്കല്‍ ജെ ഫോക്‌സ് ഫൗണ്ടേഷന്‍ പറയുന്നു. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി അമേസ്റ്റ് കോളേജും സെൻ്റ് ലൂയിസിലെ ബയോ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിൽ 21 ദശലക്ഷം ആളുകളിൽ പഠനം നടത്തി. 1992 മുതൽ 2008 വരെയുള്ള കീടനാശിനി ഉപയോഗ രീതികളുടെ കൗണ്ടി-തല വിശകലനം, ചില പ്രദേശങ്ങളിൽ പാർക്കിൻസൺസ് രോഗത്തിൻ്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ട 14 കീടനാശിനികളെ തിരിച്ചറിഞ്ഞു. അട്രാസൈൻ, ലിൻഡെയ്ൻ, സിമാസിൻ എന്നീ മൂന്ന് കീടനാശിനികളാണ് പ്രധാന കാരണമെന്ന് കണ്ടെത്തി.

കീടനാശിനികള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗവുമായുള്ള ബന്ധം കണ്ടെത്തിയെങ്കിലും രോഗകാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ക്കിടയില്‍ പ്രത്യേക കീടനാശിനികളുടെ പങ്ക് തിരിച്ചറിയുക സങ്കീര്‍ണമാണെന്ന് ഗവേഷകര്‍ പറയുന്നു.കർഷകർക്ക് പുറമെ കൃഷിയിടങ്ങൾക്ക് സമീപം താമസിക്കുന്നവർ പോലും കീടനാശിനിയുടെ ഫലം അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളുമായി അടുത്ത് ജീവിക്കുന്നവര്‍ കീടനാശിനി ശ്വസിക്കുന്നതും ഇവ കലര്‍ന്ന ഭക്ഷിക്കുന്നതുമെല്ലാം ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്നുണ്ട്.