രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല: സിപിഎം
തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട തീരുമാനത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികൾ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ നടപടികളും നിയന്ത്രിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അല്ല. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നേരത്തെ തന്നെ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്.
മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം ലംഘിക്കുന്നതിനോ നിയന്ത്രണം ഏർപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കുന്നുവെന്നും പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ വ്യക്തമാക്കി.