നിയമവിരുദ്ധ പണ സമാഹരണം; റാണ അയുബിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു
മാധ്യമപ്രവർത്തക റാണ അയുബിനെതിരെ ഗാസിയാബാദിലെ പ്രത്യേക കോടതിയിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ചാരിറ്റിയുടെ പേരിൽ പൊതു ജനങ്ങളിൽ നിന്നും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിയമവിരുദ്ധമായി പണം സമാഹരിച്ചു എന്നാണ് കേസ്.
ഇത്തരത്തിൽ സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇ ഡി ഇപ്പോൾ റാണ അയൂബിനെതിരെ നടപടി എടുത്തത്. നേരത്തെ ഇവർക്കെതിരെ ഇ ഡി യാത്രാ വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിരുന്നു.
ഇ ഡി ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് റദ്ദാക്കിയത് ദില്ലി ഹൈക്കോടതിയാണ്. പിന്നാലെ റാണാ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയടക്കം രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ നീക്കം അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. റാണാ അയൂബിന് പിന്തുണ അറിയിച്ച് യുഎൻ ട്വീറ്റ് ചെയ്തിരുന്നു.