തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശം അല്ലെന്ന് ഇ ഡി സുപ്രീം കോടതിയിൽ

single-img
9 May 2024

ദില്ലി മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ സുപ്രീം കോടതി നാളെ ഉത്തരവ് പറയാനിരിക്കെ ഇഡിയുടെ പുതിയ നീക്കം. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശം അല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നതിന്‍റെ പേരിൽ കെജ്രിവാളിന് ജാമ്യം നൽകരുതെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കെജ്‌രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ നാളെ ഉത്തരവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് സുപ്രിം കോടതിയിൽ ഹ‍ർജി നൽകിയിരിക്കുന്നത്.