മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം
സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി കേസ് എടുത്തിരിക്കുന്നത്.
നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ കേസിൽ ചോദ്യം ചെയ്യും. അവസാന ആഴ്ചയാണ് കേസിൽ ഇസിഐആർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് രജിസ്റ്റർ ചെയ്തത്. നേരത്തെ നിർമാതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല.
തുടർന്ന് മൂന്ന് പേർക്കും ചോദ്യം ചെയ്യലിന് വേണ്ടി വീണ്ടും നോട്ടീസ് നൽകും. മുൻപ് നിർമാതാക്കൾ വഞ്ചിച്ചെന്ന് കാണിച്ച് ആലുവ സ്വദേശിയായ സിറാജ് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഇഡി കേസ് എടുത്തിരിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിർമാണ ചിലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നൽകിയ പരാതി.
സിനിമയുടെ ആകെ നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു. പിന്നാലെ നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്.