ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

single-img
22 February 2024

പ്രശസ്ത എഡ്യു ടെക് സ്ഥാപനം ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി . രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസിന് എതിരെ വിദേശനാണ്യ വിനിമയ ചട്ട ലംഘനം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.

ഇത്രയധികം കേസ് നിലവിലുള്ള സാഹചര്യത്തിൽ ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം നാളെ ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കാനായി മാര്‍ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകർ അസാധാരണ ജനറൽ ബോഡി മീറ്റിംഗ് വിളിച്ചിരിക്കുകയാണ്. പക്ഷെ ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.

പ്രസ്തുത യോഗത്തിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നാളെ ചേരാനിരിക്കുന്ന ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ബൈജു രവീന്ദ്രനെതിരെ ഇഡിയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.