മിണ്ടാതിരുന്നില്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ വന്നേക്കാം; ലോക്സഭയിൽ പ്രതിപക്ഷ എംപിയോട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
ഡൽഹിയിലെ സർക്കാർ സർവീസുകളെ നിയന്ത്രിക്കാനുള്ള ഭരണ നിയന്ത്രണ ബില്ലിനുമേൽ വ്യാഴാഴ്ച ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമർശം വിവാദമാകുന്നു. പ്രതിപക്ഷ എംപിയോടു മിണ്ടാതിരിക്കണമെന്നും അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ വന്നേക്കാമെന്നും പറഞ്ഞതാണു വിവാദമായത്.
ലോക്‌സഭയിൽ കേന്ദ്രസർക്കർ അവതരിപ്പിച്ച ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ‘ഭീഷണി’പ്പെടുത്തൽ. ‘‘ഏക് മിനിറ്റ്.. ഏക് മിനിറ്റ്. ശാന്ത് രഹോ, തുംഹാരേ ഘർ ന ഇഡി ആ ജായേ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം)’’– അവര്‍ പറഞ്ഞു.
സിബിഐ, ഇഡി പോലെയുള്ള കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മീനാക്ഷി ലേഖിയുടെ പരാമർശം തെളിയിക്കുന്നതായി എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.
ലോക്‌സഭയിൽ മീനാക്ഷി ലേഖി നടത്തിയ പരാമർശം മുന്നറിയിപ്പാണോ അതോ ഭീഷണിയാണോയെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ചോദിച്ചു.