നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി
മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയെ ചോദ്യം ചെയ്ത് ഇഡി. ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ ഇന്ന് അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നു.
ഓൺലൈൻ ആപ്പായ HPZ ടോക്കൺ ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്, ബോളിവുഡ് താരങ്ങളായ രൺബീർ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു. ഇതോടെയാണ് മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷൻ വാർത്തകളിൽ ഇടംപിടിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സാഹിൽ ഖാനേയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘമായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.