തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ ഇഡിയുടെ റെയ്‌ഡ്

13 June 2023

തമിഴ്നാട് സെക്രട്ടേറിയറ്റിൽ കേന്ദ്ര ഏജൻസിയായ ഇഡി റെയ്ഡ്. സംസ്ഥാന വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും കരൂരിലെ സഹോദരന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.
നേരത്തെ ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 7 മണിക്ക് അഞ്ച് കാറുകളിലായി ഉദ്യോഗസ്ഥർ എത്തുമ്പോൾ പ്രഭാത നടത്തത്തിനായി പുറത്തായിരുന്നു മന്ത്രി സെന്തിൽ ബാലാജി.
ഏകദേശം 11 മണിയോടെ സിബിഐ ജീവനക്കാരെയും ഇഡി വിളിച്ചു വരുത്തി വിവരങ്ങൾ തേടി. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള ചിലരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് തുടർച്ചയായ 8 ദിവസം റെയ്ഡ് നടത്തിയിരുന്നു. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്ന് ബലാജി മാധ്യമങ്ങളോട് പറഞ്ഞു.