കള്ളപ്പണം വെളുപ്പിക്കൽ ; ജെറ്റ് എയർവേയ്‌സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി


വ്യോമയാന കമ്പനിയായ ജെറ്റ് എയർവേയ്‌സിന്റെ 538 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി കേന്ദ്ര ഏജൻസിയായ ഇഡി. ജെറ്റ് എയർവേയ്‌സിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം അന്വേഷണ ഏജൻസി പിടിച്ചെടുത്ത സ്വത്തുക്കളിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ എന്നിവരുമായും ബന്ധപ്പെട്ട നിരവധി സ്വത്തുവകകൾ ഉൾപ്പെടുന്നുണ്ട്.
ഈ വർഷം സെപ്റ്റംബർ ആദ്യം, കാനറ ബാങ്കിൽ 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന കേസിൽ 74 വയസുള്ള നരേഷ് ഗോയലിനെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. തട്ടിപ്പിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതായും ഇഡി ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനും മറ്റ് അഞ്ച് പേർക്കുമെതിരെ അന്വേഷണ ഏജൻസി ചൊവ്വാഴ്‌ച കുറ്റപത്രവും സമർപ്പിച്ചിരുന്നു.
ലണ്ടൻ, ദുബായ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന 17 റസിഡൻഷ്യൽ ഫ്ലാറ്റുകൾ/ബംഗ്ലാവുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്വത്തുക്കൾ, ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുമായി ബന്ധപ്പെട്ട വിവിധ കമ്പനികൾക്കും വ്യക്തികൾക്കും കീഴിലാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി.