അരവിന്ദ് കെജ്രിവാളിന് നാലാമതും ഇഡിയുടെ സമന്‍സ്
സംസ്ഥാന എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമന്‍സ് . ജനുവരി 18ന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നാലാം തവണയാണ് ഇഡി സമന്‍സ് അയക്കുന്നത്. ജനുവരി മൂന്നിന് ഹാജരാകാന്‍ കെജ്രിവാളിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. പക്ഷെ ഇ.ഡി സമന്‍സ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും പറഞ്ഞ് കെജ്രിവാള്‍ സമന്‍സ് ഒഴിവാക്കിയിരുന്നു.
അതിനുമുൻപ് നവംബര്‍ 2 നും ഡിസംബര്‍ 21 നും സമന്‍സ് അയച്ചിരുന്നു. അന്ന് 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പിലേക്ക് പോകുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല. ഇഡി നീക്കത്തെ ‘നിയമവിരുദ്ധവും’ ‘രാഷ്ട്രീയ പ്രേരിതവും’ എന്നാണ് അരവിന്ദ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
”എല്ലാ നിയമപരമായ സമന്‍സും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നിരുന്നാലും, ഈ ഇഡി സമന്‍സും മുന്‍ സമന്‍സുകള്‍ പോലെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. സമന്‍സ് പിന്‍വലിക്കണം. ഞാന്‍ എന്റെ ജീവിതം സത്യസന്ധമായും സുതാര്യതയോടെയും ചെലവഴിച്ചതാണ്. എനിക്ക് മറയ്ക്കാന്‍ ഒന്നുമില്ല,’ അദ്ദേഹം പറഞ്ഞു.