നീരവ് മോദിയുടെ 500 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രമുഖ വജ്രവ്യാപാരി നീരവ് മോദിയുടെ 500 കോടി രൂപ വിലമതിക്കുന്ന 39 സ്വത്തുവകകൾ കണ്ടുകെട്ടാൻ മുംബൈയിലെ പ്രത്യേക കോടതി ഇഡിക്ക് അനുമതി നൽകി. പക്ഷെ പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) ഈട് വെച്ച മറ്റ് 9 സ്വത്തുക്കൾ ഇഡിക്ക് കണ്ടുകെട്ടാൻ കഴിയില്ല.
ഇഡിക്കായി ഹാജരായ അഭിഭാഷകരായ ഹിറ്റെൻ വെനേഗോക്കറും അരവിന്ദ് അഘവും 929 കോടി രൂപ വിലമതിക്കുന്ന മോദിയുടെ 48 സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് വാദിച്ചു. മോദി രാജ്യത്ത് ഏകദേശം 6498.20 കോടി രൂപയുടെ കുറ്റകൃത്യം നടത്തിയതായാണ് ഇഡി ചൂണ്ടികാണിച്ചിരിക്കുന്നത്.
നേരത്തെ തന്നെ ഏജൻസി നീരവ് മോദിയുടെ ചില സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നെങ്കിലും തുടരന്വേഷണത്തിൽ അദ്ദേഹത്തിന്റെ മറ്റ് ചില സ്വത്തുവകകൾ കൂടി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് ഇഡി വീണ്ടും കോടതിയെ സമീപിച്ചത്. പക്ഷെ തട്ടിപ്പിന്റെ പ്രധാന ഇരകളായ പിഎൻബി, ഇഡിയുടെ അപേക്ഷയെ എതിർത്തിരുന്നു.
ഇഡി കണ്ടുകെട്ടാനായി നിലവിൽ ലിസ്‌റ്റ് ചെയ്‌ത ചില സ്വത്തുക്കളിൽ പലതും മോദി തങ്ങൾക്ക് പണയപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ അവ കണ്ടുകെട്ടാൻ കഴിയില്ലെന്നും ആയിരുന്നു പഞ്ചാബ് നാഷണൽ ബാങ്ക് വാദിച്ചത്. മോദിക്കും അദ്ദേഹത്തിന്റെ കമ്പനികൾക്കും വൻതുക വായ്‌പ അനുവദിച്ചതായി പിഎൻബി അറിയിച്ചു.