മദ്യ നയ കേസില്‍ കെ.കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യും
ദില്ലി മദ്യ നയ കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ.കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യും.
കവിതയെ ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. അറസ്റ്റുണ്ടായാല്‍ ബിആര്‍ എസ് നേതാക്കളും പ്രവര്‍ത്തകരും ദില്ലിയിലെത്തി പ്രതിഷേധിക്കുമെന്നും പാര്‍ട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആര്‍ പറഞ്ഞു. സഹോദരനും മന്ത്രിയുമായ കെ ടി രാമറാവു ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിക്കും
രാവിലെ 11 മണിക്കാണ് കവിത ദില്ലി ഇഡി ഓഫീസില്‍ ഹാജരാവുക. നേരത്തെ അറസ്റ്റിലായ മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളക്ക് ഒപ്പമാണ് കവിതയെ ചോദ്യം ചെയ്യുക. ഇന്നലെ കവിതയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ വനിതാ സംവരണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സഹകരിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്പോഴാണ് കവിതയുടെ ചോദ്യം ചെയ്യല്‍.