ജനങ്ങളേക്കാൾ മുഖ്യമന്ത്രിക്ക് സ്വന്തം കുടുംബത്തെക്കുറിച്ചാണ് ആശങ്ക; എംകെ സ്റ്റാലിനെതിരെ എടപ്പാടി പളനിസ്വാമി

single-img
30 November 2022

തമിഴ്‌നാട്ടിൽ ക്രമസമാധാന നില ഗുരുതരമായി തകരുമ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിന് സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രമാണ് ആശങ്കയെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി. ഡിഎംകെ നയിക്കുന്ന സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നും ലഭിക്കാത്തതിൽ പ്രതിപക്ഷം അസ്വസ്ഥരാണ് എന്ന സ്‌റ്റാലിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു എടപ്പാടി പളനിസ്വാമി.

മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെച്ചുകൊണ്ട് തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയല്ല പ്രതിപക്ഷമെന്നും ഇപിഎസ് പറഞ്ഞു. തമിഴ്‌നാട്ടിൽ പ്രതിപക്ഷത്തോട് പ്രതികാരം ചെയ്യുക മാത്രമാണ് മുഖ്യമന്ത്രി സ്‌റ്റാലിൻ ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.

“മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രഭാത നടത്തം ചെയ്യുന്നതിനിടെ തന്റെ മകന്റെ കലഹ തലൈവൻ സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഷോയിൽ നിന്ന് ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും അതിനാൽ നന്നായി നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. ഇതാണോ ഇപ്പോൾ സംസ്ഥാനത്തിന് വളരെ പ്രധാനം?” എടപ്പാടി പളനിസ്വാമി ചോദിക്കുന്നു.

തനിക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്നിന്റെ അഭാവത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി സ്‌റ്റാലിൻ അതേക്കുറിച്ച് ബോധവാനല്ലെന്ന് അദ്ദേഹം ആരോപിച്ചു. “സംസ്ഥാനത്തെ ജനങ്ങളേക്കാൾ മുഖ്യമന്ത്രിക്ക് തന്റെ കുടുംബത്തെക്കുറിച്ചാണ് ആശങ്ക, ഇത് മാത്രമാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്” ഇപിഎസ് പറഞ്ഞു.