അദാനിക്ക് അനുകൂലമായി വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തിയവരിൽ ‘കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയും’
അമേരിക്ക ആസ്ഥാനമായ ഹിൻഡൻബർഗ് റിപ്പോർട്ട് ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തുന്ന അദാനിക്ക് വീണ്ടും തിരിച്ചടിയായി ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയുടെ റിപ്പോർട്ട്.
പണം വാങ്ങി(പെയ്ഡ്) വിക്കിപീഡിയ ലേഖനങ്ങളിൽ അദാനിക്കനുകൂലമായ തിരുത്തലുകൾ വരുത്തിയെന്നാണ് വിക്കിപീഡിയ പുറത്തുവിട്ട റിപ്പോർട്ട്. 40ലേറെ വരുന്ന ലേഖകർ ഈ രീതിയിൽ അദാനിക്കായി പിആർ വർക്ക് നടത്തിയതായും വിക്കിപീഡിയയുടെ കീഴിലുള്ള ഓൺലൈൻ പത്രമായ ദി സൈൻപോസ്റ്റും വാർത്താ ഏജൻസിയായ പിടിഐയും റിപ്പോർട്ട് ചെയ്യുന്നു. അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ തിരുത്തിയ വ്യാജ അക്കൗണ്ടുകളിൽ ഒന്നിൻ്റെ പേര് ‘കൃഷ്ണവിലാസം ഭഗീരഥൻ പിള്ള’ എന്നാണ്. സൂപ്പർ ഹിഹിറ്റായ മലയാള സിനിമ ‘മീശമാധവനി’ൽ ജഗതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണിത്.
‘ദി ലാർജസ്റ്റ് കോൺ ഇൻ കോർപ്പറേറ്റ് ഹിസ്റ്ററി?’ (കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ?) എന്ന തലക്കെട്ടിലെ ലേഖനത്തിലാണ് അദാനിയ്ക്കെതിരായ വിവരങ്ങൾ ഉള്ളത്. ’40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി 9 ആർട്ടിക്കിളുകൾ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്. അവരിൽ പലരും പല ആർട്ടിക്കിളുകളും തിരുത്തി നുണയും പക്ഷപാതപരമായ കാര്യങ്ങളും ചേർക്കുകയും ചെയ്തു.
ഒരാൾ ഒരു കമ്പനിയുടെ ഐപി അഡ്രസ് ഉപയോഗിച്ച് അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ സമ്പൂർണമായി തിരുത്തിയെഴുതി. ഇങ്ങനെ തിരുത്തിയവരിൽ ഒരാൾ താൻ അദാനി ഗ്രൂപ്പിലെ ജോലിക്കാരനാണെന്ന് സമ്മതിച്ചു’- സൈൻപോസ്റ്റ് പറയുന്നു.
അതേസമയം, അദാനിയുടെ പേരിലുള്ള വിക്കിപീഡിയ ആർട്ടിക്കിൾ 25 വ്യാജ അക്കൗണ്ടുകൾ വഴി തിരുത്തിയിട്ടുണ്ട്. അദാനി ഗ്രൂപ്പ് ആർട്ടിക്കിൾ തിരുത്തിയത് 22 വ്യാജ അക്കൗണ്ടുകളാണ് എന്നും ആർട്ടിക്കിൾ പറയുന്നു. അദാനി ഗ്രൂപ്പ്, ഗൗതം അദാനി, ഭാര്യയും അദാനി ഫൗണ്ടേഷൻ ചെയർപേഴ്സണുമായ പ്രീതി അദാനി, മകൻ കരൺ അദാനി, കരണിൻ്റെ സഹോദരീപുത്രൻ പ്രണവ് അദാനി, അദാനി എൻ്റർപ്രൈസസ്, അദാനി ട്രാൻസ്‌മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് എന്നീ ആർട്ടിക്കിളുകളൊക്കെ പലതവണ പല വ്യാജ അക്കൗണ്ടുകളും തിരുത്തി.