സിദ്ദിഖ് കാപ്പനെതിരെയുള്ള ഇഡി കേസ്; വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ പ്രതിയായ ഇഡി കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടക്കും. വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ, കേസിലെ ഒന്നാം പ്രതിയായ റൗഫ് ഷെരീഫായിരുന്നു വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ഭൂരിഭാഗം സാക്ഷികളും കേരളത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റൗഫ് ഷെരീഫ് സുപ്രീംകോടതിയെ സമീപിച്ചത്. മാത്രമല്ല, ഈ കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.
ഇയാളുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യം അധ്യക്ഷനായ ബെഞ്ച് റൗഫിന്റെ ആവശ്യം തള്ളുകയായിരുന്നു. തുടർന്ന് കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സിദ്ദിഖ് കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 4,500 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നത്.