എജുക്കേഷന്‍ ടെക് ഭീമന്മാരായ ‘ബൈജൂസി’ന്റെ ബംഗളൂരുവിലെ ആസ്ഥാനത്തും ജീവനക്കാര്‍ക്കുമേല്‍ രാജി സമ്മര്‍ദം
ബംഗളൂരു: എജുക്കേഷന്‍ ടെക് ഭീമന്മാരായ ‘ബൈജൂസി’ന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് ജീവനക്കാര്‍ക്കുമേല്‍ രാജി സമ്മര്‍ദമെന്ന് കര്‍ണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂനിയന്‍ (കെ.ഐ.ടി.യു) ആരോപിച്ചു.
തിരുവനന്തപുരത്തെ ഓഫിസിലെ ജീവനക്കാരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാന്‍ കമ്ബനി ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫിസില്‍ രാജി സമ്മര്‍ദം. സ്വയം രാജിവെച്ചില്ലെങ്കില്‍ കമ്ബനിയില്‍നിന്ന് പുറത്താക്കുമെന്നാണ് കമ്ബനി അധികൃതരുടെ ഭീഷണിയെന്ന് കെ.ഐ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക ചൂണ്ടിക്കാട്ടി. ജീവനക്കാരെ പുറത്താക്കുന്നതിലൂടെ അവരുടെ ഭാവി നശിപ്പിക്കുമെന്നാണ് ഭീഷണി.
മാനേജര്‍മാരില്‍നിന്നോ സുപ്പര്‍വൈസര്‍മാരില്‍നിന്നോ ബോര്‍ഡ് അംഗങ്ങളില്‍നിന്നോ ഉള്ള സമ്മര്‍ദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരന്‍ രാജിവെച്ചാല്‍ അത് നിര്‍ബന്ധിത രാജിയായാണ് പരിഗണിക്കപ്പെടുക. ജീവനക്കാരെ രാജിവെപ്പിക്കാന്‍ വിവിധ തന്ത്രങ്ങളാണ് ബൈജൂസ് പയറ്റുന്നത്. കമ്ബനിയില്‍നിന്ന് പുറത്താക്കിയാല്‍ അത് ജീവനക്കാര്‍ ഭാവിയില്‍ മറ്റു കമ്ബനികളില്‍ പ്രവര്‍ത്തിക്കുന്നതിനെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ രാജിവെക്കണമെന്നുമാണ് ബൈജൂസിന്റെ എച്ച്.ആര്‍ മാനേജര്‍ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച ആവശ്യങ്ങള്‍ അടങ്ങിയ രേഖകളൊന്നും ജീവനക്കാര്‍ക്ക് കമ്ബനി നല്‍കിയിട്ടില്ലെന്നും വ്യക്തിപരമായി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും യൂനിയന്‍ ചൂണ്ടിക്കാട്ടി.
പുറത്താക്കിയാല്‍ നഷ്ടപരിഹാരമടക്കമുള്ളവ കമ്ബനി നല്‍കേണ്ടിവരും. എന്നാല്‍, ജീവനക്കാര്‍ സ്വയം രാജിവെച്ചാല്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടതില്ല. ബൈജൂസില്‍നിന്ന് ജീവനക്കാരെ പുറത്താക്കിയാല്‍ത്തന്നെ എത്രപേര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും പറയാനാവില്ലെന്ന് യൂനിയന്‍ പറഞ്ഞു. വ്യവസായ തര്‍ക്കവുമായി ബന്ധപ്പെട്ട നിയമപ്രകാരം, 100 ജീവനക്കാരില്‍ കൂടുതലുള്ള കമ്ബനികള്‍ക്ക് കൂട്ട പിരിച്ചുവിടലിനുമുമ്ബ് സര്‍ക്കാറില്‍നിന്നുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. ഈ നിയമം അനുശാസിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ കൂട്ട പിരിച്ചുവിടലിന് അനുമതിയുള്ളൂ. 1947ലെ വ്യവസായ തര്‍ക്ക നിയമത്തിലെ രണ്ട്-എ വകുപ്പു പ്രകാരം, അക്രമം പ്രവര്‍ത്തിക്കുന്നതടക്കമുള്ള പ്രവൃത്തികളിലേര്‍പ്പെട്ടാലേ ജീവനക്കാരനെ പിരിച്ചുവിടാനാവൂ.
ഇതുപ്രകാരം, രാജിക്ക് നിര്‍ബന്ധം ചെലുത്തുന്നത് കുറ്റകരമാണ്. രാജിവെക്കാതിരിക്കാനുള്ള നിയമപരമായ എല്ലാ അവകാശവും ജീവനക്കാരനുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ‘ബൈജൂസി’ല്‍നിന്ന് 12 പേരുടെ പരാതി തങ്ങള്‍ക്ക് ലഭിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ബൈജൂസിന്റെ തിരുവനന്തപുരത്തെ ഓഫിസില്‍ ജീവനക്കാര്‍ക്കുനേരെ രാജിസമ്മര്‍ദം ചെലുത്തിയ കമ്ബനി അധികൃതര്‍ക്കെതിരെ ഒക്ടോബര്‍ 25ന് ഒരു കൂട്ടം ജീവനക്കാര്‍ കേരള മന്ത്രി വി. ശിവന്‍കുട്ടിയെ നേരില്‍ക്കണ്ട് പരാതി അറിയിച്ചിരുന്നു.
നഷ്ടപരിഹാരംതേടി ജീവനക്കാര്‍ മന്ത്രിയെ കണ്ടതോടെ ബൈജൂസ് അധികൃതര്‍, ബംഗളൂരുവിലേക്ക് ട്രാന്‍സ്ഫര്‍ ഒപ്ഷന്‍ ജീവനക്കാര്‍ക്കു മുന്നില്‍വെച്ചു. വന്‍സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ് തിരുവനന്തപുരത്തെ ഓഫിസിനുപുറമെ, സൗത്ത് ബംഗളൂരുവിലെ ഐ.ബി.സി നോളജ് പാര്‍ക്കിലെ ഓഫിസും പൂട്ടാനൊരുങ്ങുകയാണെന്നാണ് വിവരം.
ബംഗളൂരുവില്‍ അഞ്ചുനിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ 4000ത്തോളം ജീവനക്കാരാണുള്ളത്. അരലക്ഷത്തോളം ജീവനക്കാരുള്ള ബൈജൂസിന്റെ അഞ്ചുശതമാനം പേരെ പടിപടിയായി പിരിച്ചുവിടുമെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, അടുത്ത സാമ്ബത്തിക വര്‍ഷത്തോടെ 25 ശതമാനം ജീവനക്കാരെ (ഏകദേശം 12,000ത്തോളം പേര്‍) പിരിച്ചുവിടുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്.