കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ ഡിസിസി ജനറൽ സെക്രട്ടറിയെ പുറത്താക്കി
കോൺഗ്രസിന്റെ “ഹാഥ് സെ ഹാഥ്’ ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി എം.സി.ഷെരീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പത്തനംതിട്ട േബ്ലാക്കിലെ പദയാത്ര ശനിയാഴ്ച വൈകീട്ട് നാലരയ്ക്ക് വലഞ്ചുഴിയില്‍ കൂടി കടന്നുപോകവെയാണ് സംഭവം.
എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന് പെരുമാള്‍, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജാഥക്ക് നേരെയായിരുന്നു ആക്രമണം. എം. എം .നസീറിന്റെ കാറിനു നേരെയും കല്ല് എറിഞ്ഞതായി പറയുന്നു. എം.സി. ഷരീഫ് മദ്യലഹരിയില്‍ ആയിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഏറെ നാളായി ജില്ലയിലെ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാണ്. മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് അടക്കമുള്ളവര്‍ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെന്‍ഷനിലാണ്. ഒരു മാസം മുമ്പ് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പി.ജെ. കുര്യന് അനുയായികളെ ഒരു പക്ഷം കൈയേറ്റം ചെയ്തിരുന്നു. മിക്ക പരിപാടികളും നേതാക്കളുടെ ബഹിഷ്കരണത്തിലോ തമ്മില്‍ അടിയിലോ ആണ് കലാശിക്കുന്നത്.