ബംഗാളിൽ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു
6 October 2022
ജയ്പാല്‍ഗുഢി: വിജയദശമി ആഘോഷത്തോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു.
നിരവധി പേര്‍ ഒഴുകിപ്പോയി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയിലാണ് അപകടം.
വിഗ്രഹ നിമജ്ജനത്തിനായി മാല്‍ പുഴയോരത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു. പെട്ടെന്നു നദിയില്‍ വെള്ളം ഉയരുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
പെട്ടെന്നുണ്ടായ ഒഴുക്കില്‍ ആളുകള്‍ ഒലിച്ചുപോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അന്‍പതു പേരെ രക്ഷിച്ചതായി ജില്ലാ കലക്ടര്‍ മൗമിത ഗോദാര പറഞ്ഞു.