താന്‍ മോദി ഭക്തനാണെന്ന് ലക്സംബര്‍ഗ് പ്രധാനമന്ത്രി തന്നോട് പറഞ്ഞതായി ഏക്നാഥ് ഷിന്‍ഡെ


മുംബൈ: ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍ താന്‍ മോദി ഭക്തനാണെന്ന് തന്നോട് പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.
ദാവോസില്‍ ഡബ്ല്യുഇഎഫ് ചടങ്ങില്‍ വെച്ചാണ് ലക്സംബര്‍ഗ് പ്രധാനമന്ത്രി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഏകനാഥ് ഷിന്‍ഡെ വെളിപ്പെടുത്തി. അടുത്തിടെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം മീറ്റിംഗില്‍ നിന്ന് മടങ്ങിയെത്തിയ ഷിന്‍ഡെ യൂറോപ്യന്‍ നേതാവുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് വിശദീകരിച്ചു.
ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍ തന്നോടൊപ്പം ഒരു ചിത്രമെടുത്തു. പിന്നീട് ചിത്രം പ്രധാനമന്ത്രി മോദിയെ കാണിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഷിന്‍ഡെ പറഞ്ഞു. പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ഷിന്‍ഡെയുടെ പുകഴ്ത്തല്‍. ജര്‍മ്മനിയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും നിരവധി ആളുകളെ കണ്ടു. അവരെല്ലാം പ്രധാനമന്ത്രി മോദിയെക്കുറിച്ചാണ് ചോദിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ ആളാണ് എന്ന് മാത്രമാണ് അവരോട് പറഞ്ഞതെന്നും ഷിന്‍ഡെ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വിദേശത്തും ജനപ്രിയനാണെന്നും ഷിന്‍ഡെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജനപ്രീതി ഇന്ത്യയില്‍ മാത്രമല്ല, ദാവോസിലും ഉണ്ടെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അത് നമ്മുടെ അഭിമാനമാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ പേര് ലോകത്തെ പ്രമുഖരുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്നതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു. വ്യാഴാഴ്ച പ്രധാനമന്ത്രി മോദി മുംബൈയില്‍ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിച്ചു.
മുംബൈ മെട്രോ റെയില്‍ ലൈനുകള്‍ 2A, 7 എന്നിവ ഉദ്ഘാടനം ചെയ്തു. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിന്റെ പുനര്‍വികസനത്തിനും ഏഴ് മലിനജല സംസ്‌കരണ പ്ലാന്റുകള്‍ക്കും തുടക്കം കുറിച്ചു. മുംബൈയെ മികച്ച മെട്രോപൊളിറ്റന്‍ ആക്കുന്നതില്‍ പദ്ധതികള്‍ വലിയ പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ ആദ്യമായി പുരുഷ പങ്കാളിയെ നിയമപരമായി വിവാഹം കഴിക്കുന്ന രാജ്യനേതാവാണ് ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍. 2015ല്‍ ബെല്‍ജിയന്‍ ആര്‍ക്കിടെക്റ്റായ ഗൗതിയര്‍ ഡെസ്‌റ്റനേയുമായിട്ടായിരുന്നു വിവാഹം.