മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും രാത്രി ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണം: മന്ത്രി ഗണേഷ് കുമാര്‍

single-img
29 September 2024

യാത്ര ചെയ്യുന്ന മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും രാത്രി സമയം ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ലെന്നും നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടയെന്നും അദ്ദേഹം പറഞ്ഞു .

അങ്ങിനെ ചെയ്‌താൽ ആരും നിങ്ങളുടെ പേരില്‍ നടപടിയെടുക്കില്ല. നടപടിയെടുത്താല്‍ എന്നെ സമീപിച്ചാല്‍ മതി, പരിഹരിക്കാം. യാത്രക്കാരെ സ്‌നേഹത്തോടെ, സമാധാനത്തോടെ സുരക്ഷിതരായി കൊണ്ടുചെന്ന് എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് -കെ.എസ്.ആര്‍.ടി.സി ജീവനക്കാരോടായി മന്ത്രി പറഞ്ഞു.

അതേസമയം, പാലക്കാട്, എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ ഉടൻ വരുമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് ശീതീകരിച്ച വിശ്രമമുറി ഉണ്ട്. കോഴിക്കോടിനു പിന്നാലെ അങ്കമാലിയിലും ശീതീകരിച്ച വിശ്രമമുറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി വരുന്ന മൂന്ന് മാസത്തിനകം കെ.എസ്.ആര്‍.ടി.സി.യുടെ 93 ഡിപ്പോകളും ലാഭത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ലാഭത്തിലാക്കാന്‍ സാധിക്കാത്തവ ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിലെങ്കിലും ആക്കിയെടുക്കും.

ഇതിനായുള്ള നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞു. ഇതുപ്രകാരം ഡിപ്പോകള്‍ക്ക് കൂടുതല്‍ അധികാരം ലഭിച്ചിട്ടുണ്ട്. നിലവില്‍ 15 ഡിപ്പോകള്‍ ഒഴികെ ബാക്കിയുള്ളതെല്ലാം ലാഭത്തിലും ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിലുമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.