എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇപ്പോഴും ഒളിവിൽ തന്നെ;മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പ്രതിയായ ബലാത്സംഗക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി പറയുന്നതിനാല്‍ അത് വരെ അറസ്റ്റിന് സാധ്യത കുറവാണ്. ഇന്നലെ പരാതിക്കാരിയായ യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. ഇന്നും തെളിവെടുപ്പ് തുടരും.
അതിനിടെ എംഎല്‍എ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്..മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എല്‍ദോസിന്റെ നീക്കം.എംഎല്‍എ ഒളിവിലാണെങ്കിലും പെരുന്പാവൂരിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.പ്രതിഷേധം കണക്കിലെടുത്ത് എംഎല്‍എ ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
എംഎല്‍എയെ തേടി ഡിവൈഎഫ്‌ഐ
ഒളിവില്‍ കഴിയുന്ന പെരുന്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെ തേടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പെരുമ്ബാവൂര്‍ നഗരത്തില്‍ ചെണ്ട കൊട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി പ്രതിഷേധിച്ചത്. ബസുകളിലും കടകളിലും കുറ്റിക്കാടിലും തിരഞ്ഞെങ്കിലും എംഎല്‍എയെ കണ്ടുകിട്ടിയില്ല. ഒടുവില്‍ എംഎല്‍എയെ കണ്ടെത്തി കൊണ്ടു വരുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പീഡനക്കേസില്‍ ദിവസങ്ങളായി പൊലീസും സ്വന്തം പാര്‍ട്ടി നേതാക്കളും തെരഞ്ഞിട്ടും എംഎല്‍എയുടെ പൊടി പോലും കിട്ടാതായതോടെയാണ് ഡിവൈഎഫ്‌ഐ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. എംഎല്‍എയെത്തേടി പ്രവര്‍ത്തകര്‍ കടകളിലെത്തിയെങ്കിലും കണ്ടില്ല. കാട്ടിലെത്തി തെരഞ്ഞെങ്കിലും കണ്ടില്ല, കുന്നുകളിലും വീടുകളിലെ വരാന്തകളിലും തേടിയെങ്കിലും എംഎല്‍എ ഒളിവില്‍ത്തന്നെ.എംഎല്‍എ യെ കണ്ടവരുണ്ടോ എന്ന ബോര്‍ഡുമായി പെരുന്പാവൂര്‍ ബസ് സ്റ്റാന്‍ഡിലുള്ളവരെ സമീപിച്ചെങ്കിലും ആര്‍ക്കും വിവരമില്ല. ഇതോടെ എല്‍ദോസ് കുന്നപ്പള്ളിയെ കമ്ടെത്തുന്നവര്‍ക്കാ ഇനാമായി 101 രൂപ പ്രഖ്യാപിച്ചാണ് ഡിവൈഎഫ്‌ഐക്കാര്ര്‍ പിരിഞ്ഞത്.
സ്വന്തം പാര്‍ട്ടിക്ക് പോലും എംഎല്‍എയെപ്പറ്റി വിവരമില്ലാത്തത് നാണക്കേടാണെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികള്‍ തുടരാനാണ് ഡിവൈഎഫ്‌ഐ യുടെ തീരുമാനം.