തെറ്റ് ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി


താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എം എൽ എ വിശദീകരണവുമായി രംഗത്ത് വന്നത്. മരിക്കുവോളം സത്യസന്ധമായി ജീവിക്കുമെന്നും, പെരുമ്പാവൂരിലെ വോട്ടേഴ്‌സ് പറയുന്നത് അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പ് തനിക്ക് വശമില്ലെന്നും ദൈവം മാത്രമാണ് തുണയായിട്ടുള്ളതെന്നും എൽദോസ് കുന്നപ്പിള്ളി ഫേസ്‌ബുക്ക് പോസ്റ്റി പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.
അതേസമയം എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച കോവളം എസ് എച്ച് ഒ ജി പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതെ ഒത്തുതീര്‍പ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.