മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗം; പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ മത വിദ്വെഷം വമിക്കുന്ന വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുണ്ട്.
പ്രതിപക്ഷ നിരയിലെ കോൺഗ്രസ്, സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ പ്രചാരണത്തിനും കോൺഗ്രസ് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ സമയം തേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാൽ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞിരുന്നു.