ഇലക്ടറല്‍ ബോണ്ട്; 2016-22 കാലയളവിൽ ബിജെപി സ്വീകരിച്ചത് മറ്റ് പാർട്ടികളെക്കാൾ മൂന്നിരട്ടി തുക
രാജ്യത്തെ അംഗീകരിക്കപ്പെട്ട 31 രാഷ്ട്രീയപാർട്ടികൾക്ക് 2016 – 2022 ഇടയിലുള്ള കാലയളവിൽ ലഭിച്ച സംഭാവനകളിൽ 55 ശതമാനവും ഇലക്ട്റൽ ബോണ്ട് വഴിയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ) റിപ്പോർട്ട്. 31ൽ ഏഴ് ദേശീയപാർട്ടികളും 24 പ്രാദേശിക പാർട്ടികളുമുൾപ്പെടും.
പ്രസ്തുത കാലയളവിൽ എല്ലാ പാർട്ടികൾക്കുമായി ലഭിച്ച തുക 16,437.63 കോടിയാണ്. ഇതിൽ ബിജെപി മാത്രം പുറത്തുവിട്ട കണക്കുകളനുസരിച്ച് മറ്റു പാർട്ടികൾ സ്വീകരിച്ച തുകയുടെ മൂന്നിരട്ടി ബിജെപിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. 20000 ൽ കൂടുതലുള്ള എല്ലാ സംഭാവനകളുടെയും വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്നാണ് നിയമം. എന്നാൽ ഇലക്ട്റൽ ബോണ്ട് വഴി നൽകുന്ന പണത്തിനു പാർട്ടികൾ കണക്കു നൽകേണ്ടതില്ലഎന്നതാണ് ഇലക്ട്റല്‍ ബോണ്ട് വഴി വലിയ തോതിൽ പണം സ്വരൂപിക്കാൻ പാർട്ടികൾക്ക് സാധിക്കുന്ന സാഹചര്യമുണ്ടാകുന്നത്.
ഇലക്ട്റൽ ബോണ്ട് വഴി പണം സ്വീകരിച്ചതിൽ ഒന്നാം സ്ഥാനത്ത് ബിജെപിയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ കോൺഗ്രസും തൃണമൂലുമുണ്ട്. കഴിഞ്ഞ ആറുവർഷക്കാലയളവിൽ ബിജെപിക്ക് ലഭിച്ച സംഭാവനകളുടെ 52 ശതമാനവും ഇലക്ട്റല്‍ ബോണ്ടുകൾ വഴിയാണെന്ന വിവരങ്ങളാണ് ഇപ്പോൾ എഡിആർ റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്. ഇത് 5271.9751 കോടി രൂപ വരും. അതേ സമയത്ത് മറ്റെല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഈ കാലയളവിൽ ലഭിച്ച തുക ഒരുമിച്ച് കൂട്ടിയാൽ 1783.9331 കോടി രൂപയോളമാണ്.
ഇതിൽ കോൺഗ്രസിന് 952.2955 കോടിയും തൃണമൂൽ കോൺഗ്രസിന് 767.8876 കോടി രൂപയും ലഭിച്ചിട്ടുണ്ട്. കോൺഗ്രസിന് ലഭിച്ച സംഭാവനകളുടെ 61.54 ശതമാനമാണ് ഇലക്ടറൽ ബോണ്ടുകൾ വഴി വന്നത്. അതേസമയം തൃണമൂൽ കോൺഗ്രസിന് ലഭിച്ചതിന്റെ 93.27 ശതമാനവും ഇലക്ട്റൽ ബോണ്ട് വഴി വന്നതാണെന്നും എഡിആർ റിപ്പോർട്ട് പറയുന്നു.
ഇലക്ട്റൽ ബോണ്ട് രാഷ്ട്രീയമായ സംഭാവനകൾക്ക് മേൽ ഒരു മറ സൃഷ്ടിച്ചതായും, വാർഷിക റിപ്പോർട്ടിൽ പാർട്ടികൾ ഈ തുക തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ കാണിക്കേണ്ടതില്ല എന്നതുകൊണ്ട് വലിയ തോതിൽ കള്ളപ്പണം ഒഴുകാനുള്ള സാധ്യതയുണ്ടെന്നുമുള്ള വിമർശനങ്ങൾ നേരത്തെ ഉണ്ടായിരുന്നു.