റോയൽ എൻഫീൽഡ് ബുള്ളറ്റിനേക്കാൾ വലിപ്പം കുറഞ്ഞ ഇലക്ട്രിക് കാർ എത്തുന്നു; പേര് ‘ റോബിൻ’
‘ഇലക്ട്രിക് മൈക്രോകാർ’ എന്ന് [പേര് നൽകിയിട്ടുള്ള ചെറിയ കാർ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു . ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവി സ്ഥാപനമായ വിംഗ്സ് ഇവിയാണ് റോബിൻ എന്നു പേരുള്ള രണ്ട് സീറ്റുള്ള ഇലക്ട്രിക് മൈക്രോകാർഇവി വികസിപ്പിക്കുന്നത്. ഈ കാറിനെ ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്ന് നിർമ്മാതാക്കൾ പറയുന്നു.
റോയൽ എൻഫീൽഡ് ബുള്ളറ്റിനേക്കാൾ വലിപ്പം കുറഞ്ഞ രണ്ട് സീറ്റുള്ള ഇലക്ട്രിക് കാറാണിത്. ഈ മൈക്രോ കാർ ദൈനംദിന യാത്രകൾക്ക് ഏറെ അനുയോജ്യമാണെന്ന് തെളിയിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
തീരെ വലിപ്പം കുറവായതിനാൽ ഡ്രൈവിംഗും പാർക്കിംഗും വളരെ എളുപ്പമായിരിക്കും . എആർഎഐ പൂനെ നടത്തുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഈ കാർ ഇതിനകം വിജയിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. കാറിൻ്റെ നീളം 2217 മില്ലീമീറ്ററും വീതി 917 മില്ലീമീറ്ററും ഉയരം 1560 മില്ലീമീറ്ററുമാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350 യുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്ലാസിക്കിൻ്റെ നീളം 2,140 മില്ലിമീറ്ററാണ്. അതായത്, വലിപ്പത്തിലും നീളത്തിലും ഈ കാർ ഒരു ബൈക്ക് പോലെയാണ്.
മാത്രമല്ല, ഇത് ഒരു മൈക്രോ കാർ ആയതിനാൽ, അതിൻ്റെ അറ്റകുറ്റപ്പണികൾ വളരെ വിലകുറഞ്ഞതായിരിക്കും. 480 കിലോ ഭാരമുള്ള ഈ കാർ മൂന്ന് വേരിയൻ്റുകളിൽ ലഭിക്കും. താഴ്ന്ന വേരിയന്റ് ഒറ്റ ചാർജിൽ 65 കിലോമീറ്റർ റേഞ്ച് നൽകും. മിഡ്, ഹയർ വേരിയൻ്റുകൾക്ക് ഒറ്റ ചാർജിൽ ഏകദേശം 90 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും.
ബാറ്ററി ഫുൾ ചാർജ് ആകാൻ അഞ്ച് മണിക്കൂർ എടുക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, അതിൻ്റെ ലോവർ വേരിയൻ്റിന് (ഇ) 1.99 ലക്ഷം രൂപയും മിഡ് വേരിയൻ്റിന് (എസ്) 2.49 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിന് (എക്സ്) 2.99 ലക്ഷം രൂപയുമാണ് വില. അതിൻ്റെ അടിസ്ഥാന വേരിയൻ്റിൽ എയർ കണ്ടീഷൻ നൽകിയിട്ടില്ല. അതേസമയം മിഡ് വേരിയൻ്റിന് ബ്ലോവറിൻ്റെ സൗകര്യമേ ഉള്ളൂ. എയർകണ്ടീഷൻ (എസി) ആണ് കമ്പനി ടോപ് വേരിയൻ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെറും അഞ്ച് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറിൽ 60 കിലോമീറ്ററാണ് ഇതിൻ്റെ ഉയർന്ന വേഗത. 5.6kWh ശേഷിയുള്ള ബാറ്ററി പാക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാർ 15 ആമ്പിയർ (15A) ഗാർഹിക സോക്കറ്റുമായി ബന്ധിപ്പിച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയും. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ബാറ്ററി പാക്ക്, ഡ്രൈവ്-ബൈ-വയർ പവർട്രെയിൻ (മിക്ക ആധുനിക വിമാനങ്ങളിലും ഉപയോഗിക്കുന്നു). രണ്ട് ഹബ് മോട്ടോറുകൾ എന്നിവ ഇതിൽ ഉപയോഗിക്കുന്നു.
ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റിലായിരിക്കും റോബിൻ മൈക്രോ ഇലക്ട്രിക് കാറിന്റെ ഉത്പാദനം. വിംഗ്സ് ഇവി അതിൻ്റെ ആദ്യത്തെ മൈക്രോ ഇലക്ട്രിക് കാറിൻ്റെ ഡെലിവറി 2025 മുതൽ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഈ കാർ രാജ്യത്തെ ആറ് നഗരങ്ങളിലായി 300-ലധികം ടെസ്റ്റ് ഡ്രൈവുകൾ പൂർത്തിയാക്കി എന്നാണ് റിപ്പോര്ട്ടുകൾ.