വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു; ബിബിസി ഡോക്യുമെന്ററിയുടെ ജെഎൻയുവിലെ പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും

single-img
24 January 2023

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ബി ബി സി ഡോക്യുമെന്ററിയുടെ ജവഹർലാൽനെഹ്‌റു സർവകലാശാലയിൽ നടത്തിയ പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും. സർവകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിലെ വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേതിച്ചതിനാൽ വലിയ സ്‌ക്രീനിൽ പ്രദർശനം നടക്കാതെ പോകുകയായിരുന്നു.

പിന്നാലെ പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈലിലുംനടത്തി. പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററി ജെ എന്‍ യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സർവകലാശാലയിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്‍ററി പ്രദര്‍ശനം തടസ്സമാകുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരുന്നത്.

“2023 ജനുവരി 24ന് രാത്രി 9 മണിക്ക് ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എന്‍.യു.എസ്.യുവിന്‍റെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കില്‍ യൂണിവേഴ്സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും”- എന്നായിരുന്നു രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.