വൈദ്യുതി നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ; വൈദ്യുതിനിരക്ക് കൂടാൻ സാധ്യത
രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വൈദ്യുതി നിലയങ്ങൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന കൽക്കരിയുടെ ആറ് ശതമാനം ഇറക്കുമതി ചെയ്‌തതായിരിക്കണമെന്നാണ് ഊർജമന്ത്രാലയത്തിന്റെ നിർദ്ദേശം.
കേന്ദ്ര വൈദ്യുതി ചട്ടഭേദഗതിയുടെ പശ്ചാത്തലത്തിൽ വൈദ്യുതിനിരക്ക് വർധിക്കാനിടയാക്കുന്നതാണ് ഈ നിർദേശം. വൈദ്യുതി ആവശ്യകതയ്‌ക്ക് അനുസരിച്ച് ആഭ്യന്തര വൈദ്യുതോൽപ്പാദനം ഇല്ലെന്ന് തുറന്ന് സമ്മതിച്ചാണ് ഇറക്കുമതി കൽക്കരിക്കായി നടപടി സ്വീകരിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം.
വൈദ്യുതി ഉൽപ്പാദനവും ആഭ്യന്തര കൽക്കരിയുടെ ലഭ്യതയും തമ്മിലുള്ള വിടവ് നികത്താൻ ഇറക്കുമതി കൽക്കരി ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതിവിതരണം പ്രതിസന്ധിയിലാകുമെന്നും കേന്ദ്രസർക്കാരിന്റെ നിർദേശം അംഗീകരിക്കാത്ത നിലയങ്ങൾക്ക് ആഭ്യന്തര കൽക്കരി വിതരണം പരിമിതപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
കേന്ദ്രസർക്കാർ നിർദേശം നിലയങ്ങൾ നടപ്പാക്കുന്നതോടെ കെഎസ്‌ഇബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ വിലയും ഉയരും. കെഎസ്‌ഇബി വിവിധ നിലയങ്ങളിൽനിന്നാണ് വൈദ്യുതി വാങ്ങുന്നത്.