ഹെലികോപ്റ്റർ തകർന്നു; ഉക്രൈനിൽ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ മരിച്ചു
ഉക്രൈൻ തലസ്ഥാനമായ കൈവ് പ്രാന്തപ്രദേശത്ത് ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും മൂന്ന് കുട്ടികളും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ അധികൃതർ അറിയിച്ചു. ഇതൊരു അപകടമാണോ അതോ റഷ്യയുമായുള്ള യുദ്ധത്തിന്റെ ഫലമാണോ എന്നതിനെക്കുറിച്ച് ശരിയായ വിവരമില്ല. ഈ മേഖലയിൽ അടുത്തിടെ ഏറ്റുമുട്ടലുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് വാർത്തകൾ..
ഉക്രൈൻ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യെവൻ യെനിൻ, ആഭ്യന്തര മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി യൂറി ലുബ്‌കോവിച്ച് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ഉക്രെയ്‌നിന്റെ ദേശീയ പോലീസ് മേധാവി ഇഹോർ ക്ലൈമെൻകോ പറഞ്ഞു. ഉക്രേനിയൻ പോലീസിന്റെയും മറ്റ് അടിയന്തര സേവനങ്ങളുടെയും ചുമതല വഹിച്ചിരുന്ന മൊണാസ്റ്റിർസ്‌കി, ഏകദേശം 11 മാസം മുമ്പ് റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം മരിച്ച ഏറ്റവും മുതിർന്ന ഉക്രേനിയൻ ഉദ്യോഗസ്ഥനാണ്.
ഉക്രേനിയൻ തലസ്ഥാനത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബ്രോവറിയിൽ തകർന്ന അടിയന്തര സേവന ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു, ക്ലൈമെൻകോ പറഞ്ഞു. ഒരു കിന്റർഗാർട്ടന് സമീപം ഹെലികോപ്റ്റർ തകർന്നുവെന്ന് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
15 കുട്ടികൾ ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റതായി റീജിയണൽ ഗവർണർ പറഞ്ഞു. “ഇപ്പോൾ, ഹെലികോപ്റ്റർ അപകടത്തിന്റെ സാധ്യമായ എല്ലാ കാരണങ്ങളും ഞങ്ങൾ പരിഗണിക്കുന്നു,” യുക്രെയ്നിന്റെ പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിൻ ടെലിഗ്രാമിൽ പറഞ്ഞു.
ഉക്രെയ്‌നിലെ സെക്യൂരിറ്റി സർവീസാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെക്കുകിഴക്കൻ ഉക്രെയ്നിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ റഷ്യൻ മിസൈൽ ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് അപകടമുണ്ടായത്.