ട്വിറ്ററിന്റെ കിളി പോകും പേരും മാറും; ട്വിറ്റർ എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാൻ ഇലോൺ മസ്ക്

single-img
23 July 2023

റീ ബ്രാന്‍ഡിങിനൊരുങ്ങുകയാണ് സോഷ്യൽ മീഡിയാ ഭീമനായ ട്വിറ്റർ. ട്വിറ്റർ എന്ന പ്രശസ്തമായ ബ്രാൻഡ് നാമം മാറ്റി പകരം പേര് എക്സ് (X)എന്നാക്കി മാറ്റുമെന്ന് ഉടമയായ മസ്ക് വീണ്ടും പ്രഖ്യാപിച്ചു. മികച്ച ഒരു ലോഗോ തയ്യാറായ ഉടനെ ട്വിറ്ററിന്റെ ട്രേഡ് മാർക്കായ കിളിയുടെ ചിഹ്നവും മാറ്റുമെന്നാണ് പ്രഖ്യാപനം.

അത് സംഭവിച്ചാൽ ഇന്ന് തന്നെ ട്വിറ്ററിന്റെ ചിഹ്നമായിരുന്ന ‘നീലക്കിളിയെയും’ മസ്ക് പറത്തിവിടുമെന്ന് ഉറപ്പായി. ട്വിറ്ററിനെ ട്വിറ്ററാക്കുന്നതെല്ലാം മാറ്റുമെന്ന വാശിയിലാണ് ലോകത്തിലെ എറ്റവും സമ്പന്നനായ മനുഷ്യൻ. പരിചിതമായ കിളിയുടെ ലോഗോ ഇനി അധികകാലമില്ല, ട്വിറ്ററെന്ന പേരിനോടും മസ്കിന് താൽപര്യമില്ല. ഇതോടൊപ്പം നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കും.

ഈ ലോകത്തിൽ മനുഷ്യനിലെ അപൂർണതകളുടെ പ്രതിഫലനമാണ് എക്സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാൽ പറ്റുമെങ്കിൽ നാളെ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് പ്രഖ്യാപനം. ഒക്ടോബറിൽ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോർപ്പ് എന്ന് മാറ്റിയിരുന്നു. ആപ്പിന്റെ പേരും രൂപവും മാറ്റിയാൽ പിന്നെ പഴയ ട്വിറ്റർ വെറും ഓർമ്മ മാത്രമായി മാറും.