കെകെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി; ടിപിവധക്കേസ് പ്രതികൾക്ക് ശിക്ഷഇളവിന് നീക്കമില്ലെന്ന് സ്പീക്കർ
ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് ജയിലിൽ നിന്നും വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ കെകെരമ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നല്കാൻ നീക്കം ഇല്ലെന്നു സർക്കാർ അറിയിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കി.
വിഷയം സഭയിൽ സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് സ്പീക്കർ അറിയിച്ചു. ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, എന്നാൽ അത്തരത്തിൽ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കിയത്..
അതേസമയം ,വിഷയത്തിൽ പ്രതിപക്ഷം ശക്തമായി എതിർപ്പ് ഉന്നയിച്ചു. പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിന് തെളിവായി കത്തു പുറത്ത് വന്നിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് ഭയം ആണെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ല, മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ നടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.