പിപി ദിവ്യക്കെതിരെ പൊലീസിന് മൊഴി നൽകി കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ ജീവനക്കാർ

single-img
18 October 2024

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകി. എഡ‍ിഎമ്മിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി.

വേദിയിലേക്ക് ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗം കേട്ടപ്പോൾ എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ പറയുന്നു . എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു. അതേസമയം, എഡിഎം നവീൻ ബാബു മരിച്ചതിന് ശേഷവും ആരോപണ ശരം കൊണ്ട് വീണ്ടും പ്രതിരോധം തീർക്കാനുള്ള ശ്രമമാണ് പി.പി.ദിവ്യ നടത്തുന്നത്.

എഡിഎമ്മിനെതിരെ പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്ന മറ്റൊരു സംരംഭകൻ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. പരിപാടിയിൽ വെറുതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് ആ യാത്രയയപ്പ് ചടങ്ങിലേക്ക് വന്നതെന്നുമാണ് മറ്റൊരു വാദം. ആരോപണ നിഴലിൽ നിൽക്കുന്ന കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ ഈ വാദം.