അനധികൃത സ്വത്ത് സമ്പാദന കേസ്; നവ്യ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
പ്രശസ്ത സിനിമാ താരം നവ്യ നായരെ ചോദ്യം ചെയ്ത് കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐ ആർ എസ് ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യല്‍. പ്രസ്തുത കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യ നായര്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
മഹാരാഷ്ട്രയിലെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ഈ ചോദ്യം ചെയ്യല്‍. മുംബൈ ഇഡി നവ്യ നായരെ നോട്ടീസ് നല്‍കി അവിടേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ ഉൾപ്പെടെ സമ്മാനിച്ചതായി ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.
എട്ട് തവണ സച്ചിന്‍ സാവന്ത് കേരളത്തിൽ കൊച്ചിയിലെത്തിയിരുന്നു. മലയാള സിനിമാ മേഖലയിലെ പലരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. സച്ചിനെതിരായ കുറ്റപത്രത്തിലും നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, ഇ.ഡി തന്നെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നവ്യ നായര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുബസുഹൃത്താണെന്നും മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസമെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി വിളിപ്പിച്ചതെന്നും നവ്യ പ്രതികരിച്ചു.