സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കള്ളപ്പണ ഇടപാടുകളുടെ പേരിൽ സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലും പറവ ഫിലിംസ് എന്ന കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലുമാണ് നടപടി.
സൗബിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യൽ നടന്നത്. രണ്ടുതവണ സൗബിന് കൊച്ചിയിലെ ഇ ഡി ഓഫിസിൽ എത്തേണ്ടിവന്നെന്നാണ് വിവരം. പരാതിയുമായി ബന്ധപ്പെട്ട് മുൻപ് സിനിമയുടെ സഹനിർമാതാവായ ഷോൺ ആന്റണിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
ഇതിനോടകം സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.