സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: കോൺഗ്രസ് നേതാവ് കെകെ എബ്രഹാമിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്‌ഡ്


കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിനെ തുടർന്ന് കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഇ ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് വയനാട്ടിൽ കെ.കെ എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്.
നാല് മാസങ്ങൾക്ക് മുൻപാണ് ഇഡി ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കെ.കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡന്റായ സമയത്തായിരുന്നു പുൽപ്പള്ളി സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടന്നത്. 8.30 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വായ്പാ തട്ടിപ്പിന് ഇരയായ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിന് പിന്നാലെ കെ.കെ എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാന്റിലായ ഇദ്ദേഹം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.