പൊലീസ് അപമര്യാദയായി പെരുമാറി; വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് ഇ പി ജയരാജന്‍

single-img
5 January 2024

കണ്ണൂരിൽ എസ്‌ഐയുമായുള്ള തര്‍ക്കത്തില്‍ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. എംഎല്‍എയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടിയായാണെന്നും പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. സ്വന്തം വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണ്.

പ്രതിപക്ഷത്തിന് വടി കൊടുക്കുന്ന നിലപാടാണ് പൊലീസ് എടുത്തത്. എംഎല്‍എയുടെ പേര് ചോദിച്ചത് പരിഹാസ്യമായ നടപടിയാണെന്നും ഇ പി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും ജയരാജന്‍ അറിയിച്ചു. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തി. ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറി. വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

മാത്രമല്ല പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമുള്ള പ്രവര്‍ത്തിയാണ് നടന്നതെന്ന് പറഞ്ഞ ജയരാജന്‍, തെറ്റായ ഒരു വാക്കും വിജിന്‍ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംഭവം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയല്ല. ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടായിട്ടില്ല. നഴ്‌സ്മാര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കേസ് എടുക്കേണ്ടതില്ലെന്നും ജയരാജന്‍ പറഞ്ഞു. പഴയങ്ങാടിയില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൊലീസ് പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.