കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മാനസിക രോഗമാണെന്ന് ഇപി ജയരാജന്‍


തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മാനസിക രോഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണ്. സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാകണം. ഇത്തരം മാനസിക രോഗമുള്ളവര്‍ ഇരിക്കേണ്ട കസേര അല്ല അതെന്നും താന്‍ കുറെ നാളായി സുധാകരനെ നിരീക്ഷിക്കുന്നുണ്ടെന്നും ഇപി ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും ഇപി പറഞ്ഞു.
സുധാകരന്റെ പോത്ത് പരാമര്‍ശത്തിനെതിരെ മന്ത്രി വിഎന്‍ വാസവനും രംഗത്തെത്തിയിരുന്നു. പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ യുഡിഎഫിന് അര ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. വാ മൂടിക്കെട്ടിയ പോത്താണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹം അധിക്ഷേപിച്ചത്. തൊലിക്കട്ടിയുടെ കൂടുതല്‍ കൊണ്ടാണ് പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയത്. തൊലിക്കട്ടി ഇല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി എത്തില്ല. ജനങ്ങള്‍ക്ക് അത്രത്തോളം അവമതിപ്പാണ് സര്‍ക്കാരിനോട്. സര്‍ക്കാര്‍ വിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ തന്നെ അങ്കം തുടങ്ങി. പുതുപ്പള്ളിയില്‍ ഉയര്‍ന്ന വ്യക്തി അധിക്ഷേപങ്ങള്‍ വിശകലനം ചെയ്ത് ജനം ഉപതെരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മനെ ജയിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.