പി സരിന് വേണ്ടി പ്രചാരണം നടത്താൻ ഇപി ജയരാജൻ പാലക്കാടേക്ക്; പൊതുയോഗത്തിൽ പങ്കെടുക്കും
13 November 2024
ആത്മകഥാ വിവാദം രൂക്ഷമായി നിൽക്കെ ഇപി ജയരാജനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിനിറക്കാൻ സി പി എം. ജയരാജന്റെ ആത്മകഥയിൽ പാലക്കാട് എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനെതിരെ പരാമർശം ഉണ്ടായിരുന്നു. ഇത് പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് ഇപിയെ തന്നെ പ്രചരണത്തിനെത്തിച്ച് വിഷയത്തിൽ പ്രതിരോധം തീർക്കാനുള്ള സി പി എം നീക്കം.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുനിസിപ്പൽ ബസ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗത്തിലാണ് ഇപി ജയരാജൻ പങ്കെടുക്കുക. നേരത്തേ ഇപി ജയരാജൻ പാലക്കാട് പ്രചരണത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതായി വിവരങ്ങൾ ഉണ്ടായിരുന്നില്ല.
എന്നാൽ, വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ സി പി എമ്മിലെ തിരക്കിട്ട നീക്കം. സി പി എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇപി ജയരാജൻ എത്തുന്നതെന്നാണ് വിവരം.