എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാൻ ഇപി ജയരാജന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്


എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാൻ ഇപി ജയരാജന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറച്ചു കാലമായി ഇ പി ജയരാജൻ അവധിയിലായിരുന്നു. ഇതിനു തുടർച്ച എന്ന രീതിയിലാണ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി നേതാക്കളെ സന്നദ്ധത അറിയിച്ചത് എന്നാണു ലഭിക്കുന്ന വിവരം. എന്നാൽ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളും, അതിനു പിന്നിലെ വിഭാഗീയതയുമാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ഇ പിയോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ എൽ ഡി എഫ് ഘടക കക്ഷിയായ ഐഎന്‍എല്‍ സമ്മേളനത്തില്‍ വെള്ളിയാഴ്ച ജയരാജന്‍ പങ്കെടുക്കും.
കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇ പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. ഇത് മുൻകൂട്ടി കണ്ടു കൊണ്ടാണ് തീരുമാനം എന്നും റിപ്പോർട്ടുകൾ ഉണ്ട്.