മതനിരപേക്ഷതയുടെ അടിക്കല്ല് തകര്‍ത്തിട്ടും കോണ്‍ഗ്രസ് അനങ്ങുന്നില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ വര്‍ഗ്ഗീയ ഇടപെടലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ്. ഇതിനെതിരെ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കും.
സിഎഎ കേരളത്തിൽ നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. രണ്ടുപേർക്കും വിഷയത്തില്‍ ഒരേ സ്വരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്രപ്പെടുത്തി. മതനിരപേക്ഷതയുടെ അടിക്കല്ല് തകര്‍ത്തിട്ടും കോണ്‍ഗ്രസ് അനങ്ങുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിഎഎ വിഷയത്തില്‍ നിലപാട് എടുക്കുന്നതില്‍ മാത്രമല്ല, നിയമ പോരാട്ടത്തിന് പോലും കോണ്‍ഗ്രസ് ഒപ്പമില്ല.
സിഎഎക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റത്തിനാണ് സിപിഎം ശ്രമിക്കുന്നത്. സമാന ചിന്താഗതി ഉള്ളവരെ മുഴുവന്‍ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. കോണ്‍ഗ്രസുകാരുടെ കൂടുമാറ്റം സംഘടനാപരമായ അപചയമാണെന്ന് വിമര്‍ശിച്ച അദ്ദേഹം ഇലക്ടറല്‍ ബോണ്ടില്‍ പുറത്തുവന്ന വിവരങ്ങള്‍ ബിജെപി അഴിമതി വ്യാപിപ്പിക്കുന്നതിന്റെ ശക്തമായ തെളിവാണെന്നും അഭിപ്രായപ്പെട്ടു.
കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന ഇപി ജയരാജന്റെ പ്രസ്താവന പാര്‍ട്ടി സെക്രട്ടറി തള്ളി. കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണ്. പ്രത്യേക സാഹചര്യത്തിലാണ് ഇപി പ്രസ്താവന നടത്തിയത്. അത് വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ഇപി തന്നെ മറുപടി നല്‍കും. അത്തരം ആരോപണങ്ങള്‍ പാര്‍ട്ടി ഏറ്റുപിടിക്കേണ്ടതില്ല. വ്യക്തമായ കാഴ്ചപ്പാട് സിപിഎമ്മിനുണ്ട്. ബിജെപി സംസ്ഥാനത്ത് വലിയ കക്ഷിയല്ല. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടില്ലെന്നും ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ ജയിക്കില്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.