പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നു: കെ സുധാകരൻ

single-img
28 September 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടകക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി.

മുൻപ് പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്. മുഖ്യമന്ത്രി 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്.

മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി കേരളത്തില്‍ ഭരണമില്ലെന്നും അപഹരണം മാത്രമാണും വെളപ്പെടുത്തുന്ന സംഭവങ്ങളാണിപ്പോള്‍ രാവണന്‍കോട്ടയായ സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിനേയും ഓഫീസിനെയും ചുറ്റിപ്പറ്റി നടന്ന അഴിമതിക്കൂട്ടങ്ങള്‍ മന്ത്രിമാരുടെ ഓഫീസുകളിലും തമ്പടിച്ചിരിക്കുന്നു.

ഇപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന അതീവ ഗുരുതരമായ കോഴഇടപാടിനെക്കുറിച്ച് നല്കിയ പരാതിയില്‍ 15 ദിവസമായിട്ടും പോലീസ് നടപടി ഉണ്ടായില്ല. അതേസമയം, മന്ത്രിയുടെ സ്റ്റാഫ് നല്കിയ പരാതിയില്‍ പോലീസ് അതീവ ശുഷ്‌കാന്തിയോടെ കേസെടുത്ത് ഉടനടി അന്വേഷണം തുടങ്ങി. മന്ത്രിയുടെ ഓഫീസും പാര്‍ട്ടിയുമെല്ലാം ഉള്‍പ്പെട്ട കോഴക്കുരുക്ക് സംബന്ധിച്ച അന്വേഷണം ഉടനേ ആരംഭിക്കണം.

പരാതിയില്‍ അടയിരിക്കുന്നതു തന്നെ ദുരൂഹമാണ്. ഇടപാടില്‍ സിപിഎം നേതാവും എഐഎസ്എഫ് നേതാവും ഉള്‍പ്പെടെയുള്ള ഇടനിലക്കാരെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സംശയത്തിന്റെ മുന മന്ത്രിയിലേക്കാണ് നീങ്ങുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.