നാളെ തെരഞ്ഞെടുപ്പ് നടത്തിയാലും യുഡിഎഫ് അതിന് തയാറാണ്: വിഡി സതീശൻ
പാലക്കാട്ടെ കല്‍പ്പാത്തി രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ എത്തുമ്പോൾ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് യുഡിഎഫ് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനാൽ തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
പക്ഷെ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടത്. യുഡിഎഫ് നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നാണ് കരുതിയത്. പരാമവധി ആളുകള്‍ക്ക് തടസമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാകണം.
പരാതി നല്‍കിയപ്പോള്‍ തന്നെ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നില്‍ മാറ്റിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് നടത്തിയാലും യുഡിഎഫ് അതിന് തയാറാണ്. യുഡിഎഫ് സ്‌ക്വാഡ് എല്ലാ വീടുകളിലും മൂന്ന് തവണ എത്തിയിട്ടുണ്ട്. എല്ലാവരുടെയും ആവശ്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം പരാതി നല്‍കിയത് യുഡിഎഫാണ്. ഏത് സാഹചര്യം വന്നാലും നേരിടാന്‍ യുഡിഎഫ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കലാപം നടക്കുന്നത് എവിടെയാണെന്ന് മാധ്യമങ്ങള്‍ക്ക് മനസിലായല്ലോ. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെയുള്ള വിരുന്ന് ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തുന്ന സിപിഎം ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു. പത്മജ വേണുഗോപാലിന്‍റെ വിമർശനത്തിലും സതീശൻ പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അപ്രസക്തരായ ആളുകൾക്ക് മറുപടി നൽകാനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.