വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല: കെടി ജലീൽ

single-img
2 October 2024

ആരോപണങ്ങളുടെ മുൾമുനയിലൂടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ
എംഎൽഎ പി.വി.അൻവറിനൊപ്പമില്ലെന്ന് മുൻ മന്ത്രി കെ.ടി.ജലീൽ. അൻവറിൻ്റെ പാർട്ടിയിലേയ്ക്കില്ലെന്നും ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കുമെന്നും പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ലെന്നും കെ.ടി.ജലീൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു.

പിവി അൻവറുമായുള്ള സൗഹൃദം നിലനിൽക്കും, എന്നാൽ രാഷ്ട്രീയമായി വിയോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് അഭിപ്രായമില്ല. അൻവർ അങ്ങനെ ഏതെങ്കിലും വണ്ടിയിൽ കയറുന്നയാളല്ല. ജമാഅത്തെ ഇസ്ലാമി കുറച്ച് കാലമായി ഇതെല്ലാം കലക്കണമെന്ന ഉദ്ദേശവുമായാണ് നടക്കുന്നതെന്നും കെ ടി ജലീൽ ചൂണ്ടിക്കാട്ടി.

തനിക്ക് ഒരു പദവിയും വേണ്ട. പാർട്ടിയിൽ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീൽ കൂട്ടിച്ചേർത്തു. എഡിജിപി -ആർ.എസ്.എസ്. നേതാവിനെ കാണാൻ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടൻ നടപടി ഉണ്ടാവും. അഭിപ്രായവും വിമർശനവും പറയും, എന്നാൽ അൻവറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എൻ്റെ ബോധ്യം.

എ.ഡി.ജി.പിയെ പൂർണ്ണമായി മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തതെന്നും കെ ടി ജലീൽ വ്യക്തമാക്കി.