നിങ്ങള്‍ 100 തവണ അയോഗ്യനാക്കിയാലും ഞാനും വയനാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയെ ഉള്ളൂ: രാഹുൽ ഗാന്ധി
പത്തൊമ്പത് വര്ഷമായുള്ള തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ കാണാത്ത കാഴ്ചകള്‍ മണിപ്പൂരില്‍ കണ്ടതായി കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. അയോഗ്യത മാറി എം.പി. സ്ഥാനം തിരിച്ചു കിട്ടിയ ശേഷം ആദ്യമായി തന്റെ മണ്ഡലമായ വയനാട്ടില്‍ എത്തി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ പരിപാടിയിലാണ് മണിപ്പൂര്‍ കലാപത്തെക്കുറിച്ച് രാഹുല്‍ സംസാരിച്ചത്.
താൻ സുനാമിയും പ്രളയവും കലാപവും കണ്ടിട്ടുണ്ട് പക്ഷെ മണിപ്പൂര്‍ പോലെയൊന്ന് കണ്ടിട്ടില്ല. എന്താണ് നിങ്ങള്‍ക്ക് അവശേഷിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു എന്നാണ് മണിപ്പൂര്‍ ജനത പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. സ്വന്തം കുടുംബത്തിലേക്കാണ് ഇപ്പോള്‍ മടങ്ങിയെത്തിയത്. കുടുംബം എന്താണ് എന്ന യാഥാര്‍ത്ഥ്യം ബിജെപിയും ആര്‍എസ്എസും മനസ്സിലാക്കുന്നില്ല.
ഇന്ത്യ എന്ന കുടുംബത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു. വയനാടും താനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ ശക്തിപ്പെടും. നിങ്ങള്‍ 100 തവണ അയോഗ്യനാക്കിയാലും ഞാനും വയനാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയെ ഉള്ളൂ. മണിപ്പൂരിനെ തിരികെ കൊണ്ടുവരും. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും രാഹുല്‍ പറഞ്ഞു.