ഇസ്‌ലാമിക രാജ്യങ്ങളില്‍ പോലും ഇന്ത്യയിലുള്ളത് പോലെ മതസ്വാതന്ത്ര്യമില്ല; കാന്തപുരം എപി വിഭാഗം

single-img
28 January 2023

ഇന്ത്യയിൽ നടത്തുന്നത് പോലെ ഇസ്‌ലാമിക പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്ന മറ്റൊരു രാജ്യവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍. സൗദി അറേബ്യാ പോലെയുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ പോലും ഇന്ത്യയിലുള്ളത് പോലെ മതസ്വാതന്ത്ര്യമില്ലെന്നും എസ്എസ്എഫ് സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ലോകരാജ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്ലാമികമായി ഇന്ത്യയിൽ പ്രവര്‍ത്തനം നടത്തുന്നതുപോലെ നടത്താന്‍ സൗകര്യമുള്ള വേറെ ഒരു രാജ്യവുമില്ല. പരിചയമുള്ള ഗള്‍ഫ് നാടുകളില്‍ യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, കിഴക്കന്‍ രാജ്യങ്ങളില്‍ മലേഷ്യ, സിംഗപ്പൂര്‍ അവിടങ്ങളിലും ഒരിടത്തും ഇതുപോലെ പ്രവര്‍ത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല. ‘- പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേരത്തെ പറഞ്ഞിരുന്നു. എസ്എസ്എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.