മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല
കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളി കോണ്‍ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വയനാടിന് വേണ്ടി ചെലവഴിക്കുന്ന ഫണ്ടിന്‍റെ കാര്യത്തില്‍ സുതാര്യത വേണം. ഈ കാര്യത്തിൽ കെ സുധാകരനുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
വിഷയത്തിൽ നേരത്തെ കെ സുധാകരൻ തന്നെ ചെന്നിത്തലയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഷിരൂർ ദൗത്യത്തിൽ കർണ്ണാടക സർക്കാരിനെ സിപിഎം അനാവശ്യമായി പഴിച്ചു. ദുരന്ത മുഖത്ത് പോലും കൊടിയുടെ നിറം നോക്കിയാണ് സിപിഎം പ്രവർത്തിക്കുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലാഭത്തെ കുറിച്ചാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.